Posted By user Posted On

കുട്ടികൾക്കായി പുതിയ എഐ ആപ്പ് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്; എന്താണ് ബേബി ഗ്രോക്ക് എന്നറിയാം

എഐ എല്ലാ മേഖലയിലും പിടിമുറുക്കുന്ന സമയമാണിത്. ജോലികൾ എളുപ്പമാക്കാൻ, സംശയങ്ങൾ തീർക്കാൻ, മാർഗനിർദേശങ്ങൾ നൽകാൻ എല്ലായിടത്തും എഐയുടെ സേവനം ഇന്ന് ലഭ്യമാണ്. വിവിധ എഐ ചാറ്റ് ബോട്ടുകളെ കുട്ടികൾ പഠനാവശ്യത്തിനും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികൾക്ക് വേണ്ടി പുതിയ എഐ ആപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് xAI സ്ഥാപകൻ ഇലോൺ മസ്‌ക്.

കുട്ടികൾക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നൽകാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ നിർമിതബുദ്ധി (എഐ) ആപ്ലിക്കേഷൻ ‘ബേബി ഗ്രോക്ക്’ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി എക്സിലൂടെയാണ് മസ്ക് വെളിപ്പെടുത്തിയത്. ഇതിൽ കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നതിനാൽ രക്ഷിതാക്കൾക്ക് മറ്റ് ആശങ്കകളില്ലാതെ ഇത് ഉപയോഗിക്കാൻ നൽകാനാകും.

എന്താണ് ബേബി ഗ്രോക്ക് ?

ഗ്രോക്ക് എഐ ചാറ്റ്ബോട്ടിൻറെ ലളിതമായ പതിപ്പായിരിക്കും കുട്ടികൾക്കായുള്ള ബേബി ഗ്രോക്ക് എന്നാണ് റിപ്പോർട്ട്. കുട്ടികൾക്ക് സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതായിരിക്കും ഇത്. ബേബി ഗ്രോക്കിൻറെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോൾ ഉപയോഗിക്കുന്ന ഗ്രോക്കിൻറെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനങ്ങളെ തുടർന്നാണ് കുട്ടികൾക്ക് അനുയോജ്യമായ ഒരു എഐ ആപ്പ് വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. xAIയുടെ ഉടമ ഇലോൺ മസ്ക് ഇന്നലെയാണ് കുട്ടികൾക്കായുള്ള എഐ ആപ്പ് പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയ ആയ എക്സിലാണ് പ്രഖ്യാപനം. ‘ഞങ്ങൾ കുട്ടികൾക്ക് വേണ്ടി ബേബി ഗ്രോക്ക് @xAI എന്ന ആപ്പ് ഉണ്ടാക്കുന്നു’ എന്നായിരുന്നു ോസ്റ്റ്. മാർവൽ കോമിക്സിലെ ‘Baby Groot’ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആപ്പ് എന്നും അദ്ദേഹം പറഞ്ഞു.

ഗ്രോക്കിന് നിലവിൽ മൂന്ന് മോഡുകൾ ഉണ്ട്. ഗ്രോക്കിൻറെ പുതിയ പതിപ്പ് ശൃംഗാര സംഭാഷണങ്ങളിലേക്ക് കടക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കുട്ടകൾക്കുള്ള പതിപ്പ് ആരംഭിക്കുന്നത്. എഐ കംപാനിയൻ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേക്ക് മാറുന്നതായും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർക്കിടയിൽ അപകടകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രോക്ക് ചാറ്റിന് കഴിയുമെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. അവതാർ വ്യക്തമായ ഭാഷ ഉപയോഗിക്കുന്നില്ലെങ്കിലും, സംഭാഷണങ്ങൾക്ക് മറുപടിയായി അത് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള പതിപ്പ്. നേരത്തെ സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികൾക്ക് നല്ലതല്ലെന്ന് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടിരുന്നു.

കുട്ടികൾക്ക് എഐ ചാറ്റ് ബോക്സുമായി ഗൂഗിളും

ഗൂഗിളും കുട്ടികൾക്ക് വേണ്ടി ഒരു ജെമിനി ആപ്പ് ഉണ്ടാക്കുന്നുണ്ട്. പഠനത്തിൽ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. ഹോംവർക്ക് ചെയ്യാനും, കഥകൾ ഉണ്ടാക്കാനും ഈ ആപ്പ് ഉപയോഗിക്കാം. പരസ്യങ്ങൾ ഇല്ലാത്ത ഒരു ആപ്പ് ആയിരിക്കും ഇത്. കുട്ടികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ആപ്പ് ആയിരിക്കും ഇതെന്നാണ് ഗൂഗിൾ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *