Posted By user Posted On

എഐ ഡിസൈൻ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനിൽ ഉടൻ; വിപ്ലവം സൃഷ്‌ടിക്കാൻ ഗൂഗിളിൻറെ ഐസോമോർഫിക് ലാബ്‌സ്

ഗൂഗിൾ ഡീപ്‌മൈൻഡിൻറെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമൺ ട്രയൽ ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. മരുന്നുകൾ വേഗത്തിലും കൂടുതൽ കൃത്യതയിലും തയ്യാറാക്കാൻ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയാണ് ഗൂഗിൾ ഡീപ്‌മൈൻഡിൻറെ ലക്ഷ്യം. ഈ മരുന്നുകൾ മനുഷ്യനിൽ പരീക്ഷിക്കാനൊരുങ്ങുന്നതായി ഐസോമോർഫിക് ലാബ്‌സിൻറെ പ്രസിഡൻറും ഗൂഗിൾ ഡീപ്‌മൈൻഡ് ചീഫ് ബിസിനസ് ഓഫീസറുമായ കോളിൻ മർഡോക് സ്ഥിരീകരിച്ചു.

‘ലണ്ടനിലെ കിംഗ്സ് ക്രോസിലുള്ള ഓഫീസിൽ എഐ ഉപയോഗിച്ച് കാൻസറിനുള്ള മരുന്നുകൾ തയ്യാറാക്കാൻ ഞങ്ങളുടെ ആളുകൾ പരിശ്രമത്തിലാണ്. ക്ലിനിക്കൽ ട്രയലാണ് അടുത്ത നിർണായക ഘട്ടം. മനുഷ്യനിൽ ഈ മരുന്നുകൾ എങ്ങനെയാണ് ഫലപ്രദമാവുക എന്ന് പരിശോധിക്കണം. ആ പരീക്ഷണം വളരെ അടുത്തിരിക്കുകയാണ്. എഐ അധിഷ്ഠിത മരുന്ന് ഗവേഷണത്തിൽ ഏറെ ദൂരം മുന്നോട്ടുപോകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊരു രോഗം കണ്ടെത്തിയാൽ ഒരു ബട്ടൺ ക്ലിക്ക് ചെയ്താൽ അതിനുള്ള മരുന്ന് ഡിസൈൻ ചെയ്യപ്പെടുന്ന കാലം വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’- കോളിൻ മർഡോക് പറഞ്ഞു.

പ്രോട്ടീൻ ഘടനകൾ വളരെ കൃത്യതയോടെ പ്രവചിക്കുന്ന ഗൂഗിൾ ഡീപ്‌മൈൻഡിൻറെ വിപ്ലവകരമായ ആൽഫാഫോൾഡ് എഐ സംവിധാനത്തിൻറെ പശ്ചാത്തലത്തിലാണ് ഐസോമോർഫിക് ലാബ്‌സ് പിറന്നത്. ആൽഫാഫോൾഡിൻറെ സ്രഷ്ടാക്കളായ ഡീപ്‌മൈൻഡിൽ നിന്നുള്ള ഡെമിസ് ഹസാബിസും ജോൺ ജമ്പറും ഈ കണ്ടെത്തലിന് 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം വാഷിംഗ്‌ടൺ സർവകലാശാലയിലെ ഡേവിഡ് ബേക്കർക്കൊപ്പം പങ്കിട്ടിരുന്നു. ‘ആൽഫാഫോൾഡ് എഐ സംവിധാനം ഐസോമോർഫിക് ലാബ്‌സിന് പ്രചോദനകരമായതായും മരുന്ന് ഗവേഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് കാര്യമായ സംഭാവനകൾ ചെയ്യാനാകുമെന്ന് ഇത് സൂചിപ്പിക്കുന്നതായും’ കോളിൻ മർഡോക് കൂട്ടിച്ചേർത്തു.

2021ലാണ് ഐസോമോർഫിക് ലാബ്‌സിന് തുടക്കമായത്. ലോകത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിച്ച് ഐസോമോർഫിക് ലാബ്‌സ് പ്രവർത്തിക്കുന്നു. എഐ ഉപയോഗിച്ചുള്ള മരുന്ന് ഗവേഷണത്തിനും നിർമ്മാണത്തിനുമായി ഈ ലാബിന് 600 ദശലക്ഷം അമേരിക്കൻ ഡോളറിൻറെ ഫണ്ടിംഗ് 2025ൽ ലഭിച്ചു. കാൻസർ ചികിത്സാ രംഗത്തും പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്നതിലുമാണ് ഐസോമോർഫിക് ലാബ്‌സ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നത്. നിലവിൽ മരുന്നുകമ്പനികൾ ദശലക്ഷക്കണക്കിന് രൂപ ചിലവിട്ട് വർഷങ്ങളെടുത്താണ് മരുന്നുകൾ വികസിപ്പിക്കുന്നതെങ്കിൽ എഐ സഹായത്താൽ അതിവേഗവും കൂടുതൽ കൃത്യതയുള്ളതുമായ മരുന്നുകൾ കണ്ടെത്താൻ കഴിയുമെന്നാണ് ഐസോമോർഫിക് ലാബ്‌സിൻറെ പ്രതീക്ഷ. ചിലവും കാലതാമസം കുറയ്ക്കലും മാത്രമല്ല, മരുന്നുകളുടെ വികസനത്തിന് ആവശ്യമായ മാനവവിഭവശേഷി കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *