
അഹമ്മദാബാദ് വിമാനാപകടം: നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 ന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12-ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്. ബോയിങ് 787 വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധനകൾ നടത്താനും പാക്കിസ്ഥാൻ, മധ്യപൂർവദേശ വ്യോമാതിർത്തി അടച്ചതുമൂലം വർധിച്ച യാത്രാ സമയം ക്രമീകരിക്കാനുമായിരുന്നു ഇത്. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദ് – ലണ്ടൻ ഹീത്രൂ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ഇത് നിലവിലുള്ള അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക്ക് സർവീസിന് പകരമായിരിക്കും. ഡൽഹി – ലണ്ടൻ ഹീത്രൂ, ഡൽഹി – സൂറിക്, ഡൽഹി – ടോക്കിയോ (ഹനേഡ), ഡൽഹി – സോൾ (ഇഞ്ചിയോൺ) തുടങ്ങിയ റൂട്ടുകളിൽ സർവീസുകൾ പുനഃസ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബെംഗളൂരു – ലണ്ടൻ ഹീത്രൂ, അമൃത്സർ – ബർമിങ്ങാം, ഡൽഹി – പാരിസ്, ഡൽഹി – മിലാൻ, ഡൽഹി – കോപ്പൻഹേഗൻ, ഡൽഹി – വിയന്ന, ഡൽഹി – ആംസ്റ്റർഡാം, വിവിധ വടക്കേ അമേരിക്കൻ റൂട്ടുകൾ, ഓസ്‌ട്രേലിയൻ റൂട്ടുകൾ എന്നിവിടങ്ങളിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
അമൃത്സർ-ലണ്ടൻ (ഗാറ്റ്വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്വിക്ക്), ബെംഗളൂരു-സിംഗപ്പൂർ, പൂനെ-സിംഗപ്പൂർ തുടങ്ങിയ ചില റൂട്ടുകൾ സെപ്റ്റംബർ 30 വരെ താൽക്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് 1 നും സെപ്റ്റംബർ 30 നും ഇടയിൽ ആദ്യം ഷെഡ്യൂൾ ചെയ്ത ചില സർവീസുകൾ റദ്ദാക്കപ്പെടുമെന്നും ഇത് ബാധിക്കുന്ന യാത്രക്കാരെ റീബുക്കിങ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾക്കായി ബന്ധപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഭാഗികമായ ഈ പുനഃസ്ഥാപനത്തോടെ, എയർ ഇന്ത്യ ആഴ്ചയിൽ 63 റൂട്ടുകളിലായി 525-ലേറെ രാജ്യാന്തര വിമാന സർവീസുകൾ നടത്തും. ഒക്ടോബർ 1 ഓടെ പൂർണമായ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)