Posted By user Posted On

അവരെത്തി.. എല്ലാം ശുഭം; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശുവും സംഘവും; ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിൽ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം കാലിഫോർണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗൺ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിൻറെ എംവി ഷാനോൺ കപ്പൽ കരയ്‌ക്കെത്തിക്കും

ജൂൺ 25ന് ആരംഭിച്ച ദൗത്യം

പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിൽ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങൾ ഐഎസ്എസിൽ ശുഭാംശു ശുക്ലയുടെ മേൽനോട്ടത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.

ഭൂമിയിൽ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻററിൽ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂർത്തിയാക്കിയാൽ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാൽ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികർക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും. ജോൺസൺ സ്‌പേസ് സെൻററിൽ നാസയുടെ മെഡിക്കൽ സംഘത്തിന് പുറമെ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിൻറെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും.

മടങ്ങിയെത്തുന്ന നാല് ആക്സിയം യാത്രികരും ഫിസിക്കൽ തെറാപ്പിയടക്കമുള്ള ആരോഗ്യ പരിശീലനങ്ങൾക്ക് വിധേയരാകും. മസിലുകളുടെ കരുത്തും ചലനശേഷിയും എല്ലുകളുടെ ആരോഗ്യവും അടക്കം വീണ്ടെടുക്കുന്നതിനാണിത്. എന്നാൽ രണ്ടാഴ്‌ച മാത്രമാണ് ആക്സിയം 4 ദൗത്യത്തിൻറെ ദൈർഘ്യം എന്നതിനാൽ യാത്രികർക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *