Posted By user Posted On

ഫുട്‌ബോൾ മുതൽ ഫോർമുല വൺ വരെ; ഖത്തറിൽ ഈ വർഷം വൻ കായിക മാമാങ്കങ്ങൾക്ക് കളമൊരുങ്ങുന്നു

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് വിജയകരമായി ആതിഥേയത്വം വഹിച്ചത് മുതൽ ഖത്തറിലെ കളിമൈതാനങ്ങളിൽ കായിക ആരവങ്ങൾ അവസാനിക്കുന്നില്ല. ഈ വർഷം അവസാനത്തോടെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ, ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെയാണ് കായിക സീസൺ ചൂടുപിടിക്കുന്നത്. ഒക്ടോബർ 8 മുതൽ 14 വരെ നാലാം റൗണ്ട് മത്സരങ്ങൾ ഖത്തറിലും സൗദി അറേബ്യയിലുമായി നടക്കും. നവംബർ 3 മുതൽ 27 വരെ അണ്ടർ-17 ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങും. ആസ്പയർ പാർക്കിലാണ് പ്രധാന വേദിയെങ്കിലും ഫൈനൽ ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.

ഡിസംബർ 1-ന് ഫിഫ അറബ് കപ്പിന് തുടക്കമാകും. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18-നാണ് ഫൈനൽ. ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിൽ നിന്നുള്ള 16 അറബ് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിന് ലുസൈൽ, അൽ ബെയ്ത്ത് അടക്കമുള്ള പ്രമുഖ സ്റ്റേഡിയങ്ങൾ വേദിയാകും.

ഫുട്‌ബോൾ പ്രേമികൾക്കായി മറ്റൊരു പ്രധാന മത്സരം കൂടി ഡിസംബറിൽ ഖത്തറിൽ നടക്കും. വൻകരകളിലെ ചാമ്പ്യൻ ക്ലബുകൾ ഏറ്റുമുട്ടുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഡിസംബർ 10 മുതൽ ആരംഭിക്കും. ഡിസംബർ 17-ന് നടക്കുന്ന കലാശപ്പോരിലെ ഒരു ടീം ഫ്രഞ്ച് ക്ലബായ പി.എസ്.ജി ആയിരിക്കും. ചലഞ്ചർ കപ്പിലൂടെയാണ് എതിരാളികളെ കണ്ടെത്തുക.

ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നതല്ല ഖത്തറിന്റെ കായിക മുന്നേറ്റങ്ങൾ. നവംബർ അവസാനത്തിൽ ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സിനും ലുസൈൽ സർക്യൂട്ട് വേദിയാകും. സീസണിന്റെ സമാപന മത്സരവും ഇവിടെയാണ്. ഡിസംബർ 11 മുതൽ 13 വരെ ടി100 ട്രയത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പും നടക്കും. കൂടാതെ, നവംബർ 22-ന് യു.എഫ്.സി ഫൈറ്റ് നൈറ്റിനും ഖത്തർ ആതിഥേയത്വം വഹിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *