‘മരിച്ചയാൾ തിരികെ വരില്ല, നിമിഷപ്രിയയെ പോകാൻ അനുവദിക്കണം; കൊലപാതകത്തിലേക്ക് നയിച്ചത് ദൈനംദിന പീഡനങ്ങൾ’
യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അന്തിമ ഉത്തരവു വന്നതിനു പിന്നാലെ തദ്ദേശീയർക്കിടയിൽ സമ്മിശ്ര പ്രതികരണം. ഇതു സംബന്ധിച്ച വാർത്ത പ്രാദേശിക ചാനലുകൾ ഉൾപ്പെടെ റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് ആളുകളുടെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. യെമൻ പൗരനെ കൊലപ്പെടുത്തിയെന്നത് ജനങ്ങളിൽ വികാരഭരിത പ്രതികരണം ഉയർത്തിയിട്ടുണ്ട്. ഈ സാധ്യത പരിഗണിച്ചാവണം മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ മാപ്പു നൽകി വധശിക്ഷയിൽ നിന്ന് ഇളവു കൊടുക്കാൻ തയാറാകാത്തത് എന്നാണു വിലയിരുത്തൽ. ഇസ്ലാമിൽ ദയ കാണിക്കുന്നതു മഹത്തായ നന്മയാണെന്നു ചൂണ്ടിക്കാട്ടി നിമിഷയെ മോചിപ്പിക്കണം എന്നാണ് തദ്ദേശീയരായ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിമിഷ ദൈനംദിന പീഡനങ്ങൾക്ക് ഇരയായിരുന്നു, അതിന്റെ പ്രതികാരമാണ് സംഭവിച്ചത്. മരിച്ച വ്യക്തി തിരിച്ചു വരില്ല. അതുകൊണ്ടു തന്നെ നിമിഷയെ സ്വന്തം രാജ്യത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ചിലരാകട്ടെ ഈ സാഹചര്യം യെമന്റെ രാജ്യാന്തര പ്രതിച്ഛായയ്ക്കു ദോഷമാകുമെന്നും മതവും മാനുഷികതയും ഒരുമിച്ചു കൊണ്ടുപോകേണ്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു.
അതേ സമയം വലിയൊരു വിഭാഗം ആളുകളും ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുകയും കൃത്യം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇവർ ഇന്ത്യക്കാരി ആണെന്നതല്ല പരിഗണിക്കേണ്ടത്, പകരം കൊലപാതകക്കുറ്റം ചെയ്തെന്നു തെളിയപ്പെട്ട ഒരാളാണ് എന്നതാണു പ്രധാനം. മതപരമായി അമുസ്ലിം ആയതിനാൽ ദയ അനുവദിക്കില്ലെന്ന വാദവും ചിലർ ഉയർത്തുന്നു. അതേ സമയം ഇന്ത്യൻ സമൂഹം നൽകിയ പണം സ്വന്തമാക്കിയവരെ പരിഹസിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ അന്തിമ ഉത്തരവു വന്നതായി സനയിലുള്ള മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിന്റെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ വധശിക്ഷ നടപ്പാക്കുന്നതു നിർത്തിവയ്ക്കണം എന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ശിക്ഷ നിർത്തിവയ്ക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനു വേണ്ടി സമർപ്പിച്ച ഹർജി 14ന് കോടതി പരിഗണിക്കും. അതേ സമയം അടിയന്തര ഇടപെടൽ ലക്ഷ്യമിട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലിനു ശ്രമിക്കുന്നുണ്ട്. യെമൻ സർക്കാരുമായുള്ള നയതന്ത്ര ബന്ധത്തിലെ അപര്യാപ്തത ഇടപെടലുകൾക്കു വിലങ്ങുതടിയാകുമെന്ന ഭീതിയാണുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)