ഇത്തിഹാദ് റെയിൽ പദ്ധതി: യുഎഇയിലെ പ്രധാന റോഡുകൾ അടച്ചതായി ആർടിഎ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ഷാർജയിലെ പ്രധാന റോഡുകൾ അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപം മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുന്നത്.ഗതാഗതക്കുരുക്കിന് ഇത് കാരണമായേക്കുമെങ്കിലും എമിറേറ്റിന്റെ കണക്റ്റിവിറ്റിക്കും സാമ്പത്തിക വളർച്ചയ്ക്കും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 30 വരെയാണ് ഈ റോഡുകൾ അടച്ചിടുക. വാഹനയാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.
യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ജിസിസി മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ റെയിൽവേ ശൃംഖലയാണ് ഇത്തിഹാദ് റെയിൽ. ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും കാര്യക്ഷമവും സുരക്ഷിതവുമായ യാത്രാ സംവിധാനം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2009-ൽ ആരംഭിച്ച പദ്ധതി 900 കിലോമീറ്ററിലേറെ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇത് റോഡുകളിലെ തിരക്ക്, കാർബൺ പുറന്തള്ളൽ, രാജ്യത്തുടനീളമുള്ള ട്രക്കുകളുടെ ഗതാഗതം എന്നിവ ഗണ്യമായി കുറയ്ക്കും. അൽ സില മുതൽ ഫുജൈറ വരെ യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും.
ഷാർജയ്ക്ക് വേഗമേറിയതും പരിസ്ഥിതി സൗഹൃദവുമായ യാത്രാ മാർഗം എത്തിഹാദ് റെയിൽ ശൃംഖലയിൽ ഷാർജക്ക് പ്രധാന പങ്കുണ്ട്. വടക്കൻ എമിറേറ്റുകളെയും യുഎഇയുടെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി ഷാർജ പ്രവർത്തിക്കുന്നു. ഷാർജ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ , മറ്റ് വ്യാവസായിക മേഖലകൾ എന്നിവയുമായി റെയിൽ ശൃംഖലയെ ബന്ധിപ്പിക്കും. ദുബായ്, അജ്മാൻ, റാസൽഖൈമ തുടങ്ങിയ സമീപ എമിറേറ്റുകളുമായുള്ള ചരക്ക്, യാത്രാ ഗതാഗതം മെച്ചപ്പെടുത്തും.
ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കും തുറമുഖങ്ങളിലേക്കുമുള്ള പ്രവേശനം സുഗമമാക്കും. ചരക്ക് നീക്കത്തിനായി വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും മികച്ച പ്രവേശനം സാധ്യമാക്കുകയും ചെയ്യും. ഷാർജ നിവാസികളെ സംബന്ധിച്ചിടത്തോളം എത്തിഹാദ് റെയിൽ വേഗമേറിയതും പരിസ്ഥിതി സൗഹൃദവുമായ യാത്രാ മാർഗങ്ങൾ നൽകും. ഇത് എമിറേറ്റുകൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)