Posted By user Posted On

റോഡിൽ കാറുകളുടെ ചക്രങ്ങൾ ബീഥോവൻ സം​ഗീതം മീട്ടും, ഇതാണ് യുഎഇയിലെ മ്യൂസിക്കൽ സ്ട്രീറ്റ്

യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സം​ഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും യുഎഇയിലും ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു റോഡ് വരുന്നത്.ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് കാറുകൾ കടന്നുപോകുമ്പോൾ സം​ഗീതം ആസ്വദിക്കാൻ കഴിയുന്നത്. ലോക പ്രശസ്ത സം​ഗീതജ്ഞനായ ബീഥോവന്റെ ഒൻപതാം സിംഫണിയിലെ ഈണങ്ങളാണ് കേൾക്കാൻ സാധിക്കുക. ഫുജൈറ സിറ്റിയുടെ കവാടം മുതൽ ഫുജൈറ കോടതിക്ക് മുൻപ് വരെയുള്ള ശൈഖ് ഖലീഫ സ്ട്രീറ്റിലെ 750 മീറ്റർ ദൂരത്തിലാണ് ഈ മ്യൂസിക്കൽ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ നൂതന പദ്ധതിക്ക് പിന്നിൽ ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയാണ്. പൊതു ഇടങ്ങളിൽ കല പ്രോത്സാഹിപ്പിക്കുകയും ദൈനംദിന ജീവിതത്തിലേക്ക് സം​ഗീതത്തെ കൂട്ടിച്ചേർക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതി സംബന്ധിച്ച് താമസക്കാരും സന്ദർശകരും അതിശയത്തിലാണ്. എങ്ങനെയായിരിക്കും റോഡിലൂടെ വാഹനം പോകുമ്പോൾ സം​ഗീതമുണ്ടാകുന്നത് എന്നറിയാനുള്ള ആകാംക്ഷയാണ്.

‘സം​ഗീതം എന്നത് ഒരു ആ​ഗോള ഭാഷയാണ്. യാത്രയെ കൂടുതൽ സുന്ദരമാക്കുന്നതിൽ സം​ഗീതത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്’- ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഒബൈദ് അൽ ഹഫീതി പറഞ്ഞു. റോഡിലൂടെ പോകുമ്പോൾ അപ്രതീക്ഷിതമായാണ് സം​ഗീതം കേൾക്കുന്നത്. ഇതിന്റെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ആൾക്കാർ പങ്കുവെച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *