
ഗൾഫിൽ ജോലി നേടാം: ഒരു ലക്ഷം വിദേശ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിജ്ഞാന കേരളം; ചെറുപ്പക്കാർക്കായി നൈപുണ്യ പരിശീലനം
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതിക്കു തുടക്കമിട്ട് വിജ്ഞാന കേരളം.കോളജുകളിലെ അവസാന വർഷ വിദ്യാർഥികളെയും ഇടയ്ക്കു വച്ചു ജോലി ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടവരോ ആയ ചെറുപ്പക്കാരെയുമാണ് നൈപുണ്യ പരിശീലനത്തിലൂടെ പുതിയ തൊഴിലിനു പ്രാപ്തരാക്കുന്നത്. ഇതിന്റെ ആദ്യ ചുവടെന്ന നിലയിൽ ജൂലൈ 12, 13 തീയതികളിൽ തൃശൂരിൽ ഗൾഫ് തൊഴിൽ മേള സംഘടിപ്പിക്കും.
തൊഴിൽ മേളയ്ക്കു മുന്നോടിയായി വിജ്ഞാന കേരളം ഉപദേശകരായ ഡോ. തോമസ് ഐസക്ക്, ഡോ. പി. സരിൻ, കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മെംമ്പർ സെക്രട്ടറി പി. വി. ഉണ്ണികൃഷ്ണൻ, സീനിയർ കൺസൽറ്റന്റ് ബിജു പരമേശ്വരൻ, കൺസൽറ്റന്റ് പ്രിൻസ് ഏബ്രഹാം എന്നിവർ യുഎഇയിൽ എത്തി. മലയാളി സംരംഭകരുമായി ചർച്ച നടത്തിയ സംഘം ഗൾഫ് തൊഴിൽ മേളയിലേക്ക് കമ്പനികളെ ക്ഷണിച്ചു. സന്ദർശനം ഇന്നും തുടരും. വിജ്ഞാന കേരളത്തിന്റെ നൈപുണ്യ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുള്ളവർക്ക് നിയമനത്തിൽ മുൻഗണന നൽകാമെന്നു കേരളത്തിൽ നിന്നുള്ള സംരംഭകർ സമ്മതിച്ചതായി ഡോ. തോമസ് ഐസക്കും പി. സരിനും പറഞ്ഞു.
വർഷം ഒരു ലക്ഷം പേർക്ക് ഇത്തരത്തിൽ വിദേശത്തു തൊഴിൽ നേടിക്കൊടുക്കുകയാണ് വിജ്ഞാന കേരളത്തിന്റെ ലക്ഷ്യം. കേരളത്തിലെ 80 ലക്ഷം പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 25 ലക്ഷം പേർ പൂർണമായും തൊഴിൽ രഹിതരാണെന്നു കണ്ടെത്തി. ബാക്കിയുള്ളവരിൽ ഒരു വിഭാഗം എന്തെങ്കിലുമൊക്കെ ജോലിയുള്ളവരും മറ്റൊരു വിഭാഗം യോഗ്യതയ്ക്ക് അനുസരിച്ചു വരുമാനം ഇല്ലാത്തവരുമാണ്.
വിദേശ കമ്പനികളിലെ ജോലിക്ക് ആവശ്യമായ തൊഴിൽ പരിശീലനം പൂർത്തിയാക്കിയവരെ കേരളത്തിൽ നിന്നു ലഭ്യമാക്കുകയാണ് വിജ്ഞാന കേരളത്തിന്റെ ലക്ഷ്യമെന്നു തോമസ് ഐസക്ക് പറഞ്ഞു.
ലോക തൊഴിൽ വിപണിയിൽ ഏറ്റവും യോഗ്യരായ ഉദ്യോഗാർഥികളെ നൽകാൻ കഴിയുന്ന വിജ്ഞാന അധിഷ്ഠിത തൊഴിൽ ഹബ്ബായി കേരളത്തെ മാറ്റും. ലോകത്ത് എവിടെ തൊഴിലവസരമുണ്ടായാലും കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് അത് ലഭ്യമാക്കുന്നതിന് പ്രവാസികളുടെ പൂർണ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റി, ലോകത്തിന്റെ ഏതു കോണിലെയും അവസരം കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഓഗസ്റ്റ് 29, 30 തീയതികളിൽ കൊച്ചി ബോൾഗാട്ടിയിൽ സംസ്ഥാന സർക്കാർ രാജ്യാന്തര നൈപുണ്യ സമ്മേളനം നടത്തുമെന്നും അവർ പറഞ്ഞു.
vijnanakeralam website https://vijnanakeralam.kerala.gov.in/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)