
യുഎഇയിൽ വിസിറ്റ് വിസ നിയമങ്ങൾ കർശനമാക്കുന്നു; ജോലി തേടി പോകുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
യുഎഇയിലേക്ക് മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളാണ് സന്ദർശക വിസയിലെത്തുന്നത്. എന്നാൽ വിസിറ്റ് വീസയിലെത്തി ജോലി ചെയ്യുകയെന്നുളളത് ഇവിടെ നിയമവിരുദ്ധമാണ്. ഈ രാജ്യം സന്ദർശിക്കാനും സൗകര്യങ്ങള്‍ ആസ്വദിക്കാനുമുളള അവസരമാണ് വിസിറ്റ് വീസയിലൂടെ യുഎഇ നല്‍കുന്നത്. രാജ്യം സന്ദർശിക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിയാനും അനുയോജ്യ തൊഴില്‍ ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും തടസ്സങ്ങളില്ല, എന്നാല്‍ അതെല്ലാം നിയമപരമായി വേണമെന്നുമാത്രം. രണ്ട് മാസത്തെ വിസിറ്റ് വീസയിലെത്തുന്നവരില് ഭൂരിഭാഗം പേർക്കും വീസാ കാലാവധി കഴിയാറാകുമ്പോഴേക്കും ജോലി ശരിയാക്കണമെന്നതുമാത്രമാകും ലക്ഷ്യം.
ലിങ്ക്ഡ് ഇൻ അടക്കമുളളവയിലുളള ജോലി അപേക്ഷകരുടെ കണക്കുകള്‍ നോക്കിയാല്‍ യുഎഇയിലെ തൊഴില്‍ അന്വേഷകരുടെ എണ്ണം എത്രമാത്രമാണെന്ന് മനസിലാക്കാനാകും. വീസ കാലാവധി കഴിയാറാകുമ്പോള്‍ ജോലി വീസയില്ലെങ്കിലും ജോലി ചെയ്യാമെന്നുളള മാനസികാവസ്ഥയിലേക്ക് എത്തുന്നവരെ ആ നിസ്സഹായവസ്ഥയില്‍ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. യുഎഇയുടെ തൊഴില്‍വിപണിയും നിയമങ്ങളും അറിഞ്ഞ് ഇവിടെ ജോലി തേടിയെത്തുന്നവർക്ക് ഈ ചൂഷണം തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ സാധാരക്കാരായ ബ്ലൂ കോളർ ജോലി ലക്ഷ്യമിട്ട് എത്തുന്നവരില്‍ പലരും ചൂഷണത്തിന് ഇരയാകുന്നുവെന്നുളളതും യാഥാർത്ഥ്യമാണ്. ശരിയായ തൊഴില്‍ കരാറോ വീസയോ ഇല്ലാതെ ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ജോലി അന്വേഷിച്ച് എത്തുന്നവരെ ചൂഷണം ചെയ്യുന്ന മറ്റൊരുവിഭാഗമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനങ്ങള്‍ നല്കി അതെ കുറിച്ച് അന്വേഷിക്കാനായി എത്തുന്നവരില്‍ നിന്ന് പണം ഈടാക്കുന്നവർ.
വാക്ക് ഇന്‍ ഇന്റർവ്യൂ എന്ന രീതിയില്‍ നിശ്ചിത സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും, അവിടെയത്തിയാല്‍ റെസ്യൂമെ വാങ്ങണമെങ്കില്‍ ഇവർക്ക് പണം നല്‍കണം. 10 ദിർഹം മുതല്‍ 500 ദിർഹം വരെ ഒരാളില്‍ നിന്ന് വാങ്ങുന്ന സംഘങ്ങളുണ്ട്. ചില സ്ഥാപനങ്ങള്‍ വിസീറ്റ് വീസ കാലാവധി തീരുന്നതുവരെ ജോലിയെടുപ്പിച്ചതിന് ശേഷം യോഗ്യരല്ലെന്ന് പറഞ്ഞ് വീസയെടുത്ത് നല്‍കാതിരിക്കുന്ന പ്രവണതയും കണ്ടിട്ടുണ്ട്. അതേസമയം തന്നെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ചൂഷണം ചെയ്യപ്പെട്ടവർക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും വളരെ വലുതാണ്. ജോലി പ്രതീക്ഷകളോടെ എത്തുന്നവർ ഒരു പ്ലാന്‍ ബി കൂടി മനസില്‍ കരുതണം. നിരാശയിലേക്ക് വീണുപോകാതെ ആത്മവിശ്വാസത്തോടെ പോസിറ്റീവായി ജീവിതത്തെ കാണണം. പ്രഫഷനല്‍ ജോലിയെന്ന ലക്ഷ്യത്തോടെയാണ് എത്തുന്നതെങ്കില്‍, യോഗ്യത സർട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുകയെന്നുളളത് പ്രധാനമാണ്.
യുഎഇ മിനിസ്ട്രി ഓഫ് ഫോറിന് അഫയേഴ്സില് നിന്നുളള അറ്റസ്റ്റേഷനും പൂർത്തിയാക്കിയാല്‍ നല്ലത്. ഇവിടേക്ക് എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിപണിയെക്കുറിച്ച് അറിഞ്ഞിരിക്കണം. സ്ഥാപനങ്ങളെക്കുറിച്ചും അവിടെയുളള തൊഴില്‍ സാധ്യതകളെ കുറിച്ചും അറിഞ്ഞെത്തിയാല്‍ അത്രയും സമയം ലാഭിക്കാം. ഒരു ജോലി ഒഴിവ് കണ്ടാല്‍ ആ സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കാം. ലിങ്ക്ഡ് ഇൻ അടക്കമുളള സോഷ്യല്‍ നെറ്റ് വർക്കിങ് സൈറ്റുകളില്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമായി സൗഹൃദമുണ്ടാക്കാന്‍ ശ്രമിക്കാം. 2021 ലെ ഫെഡറല്‍ ഡിക്രി ലോ നമ്പർ 33, ലോ നമ്പർ 29 പ്രകാരം യുഎഇയില്‍ ജോലി ചെയ്യണമെങ്കില്‍ സാധുതയുളള വർക്ക് പെർമിറ്റ്, വീസ എന്നിവ അനിവാര്യമാണ്. രേഖകളില്ലാതെ ജോലിയെടുപ്പിക്കുന്ന തൊഴിലുടമയ്ക്ക്, 2024 ലെ ഫെഡറല്‍ ഡിക്രി ലോ നമ്പർ 9 ആർട്ടിക്കിള്‍ 60(1)(a) പ്രകാരം 100,000 മുതല്‍ 1 മില്ല്യണ്‍ ദിർഹം വരെയാണ് പിഴ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)