Posted By user Posted On

അവധിക്കാലം നാട്ടിൽ അടിച്ചുപൊളിച്ചോളൂ; പക്ഷേ, പ്രവാസി മലയാളികളെ ഇക്കാര്യം മറക്കരുത്, പണി കിട്ടും!

ഗൾഫ് നാടുകളിൽ അവധിക്കാലം തുടങ്ങാൻ ഇനി ഒരു മാസം മാത്രം. യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തവരാണ് ഭൂരിഭാഗം പേരും. എങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി ഒന്നു നോക്കാൻ മറക്കേണ്ട. കാലാവധി തീരാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളുവെങ്കിൽ എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസി മുഖേന പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകാം. പാസ്‌പോർട്ട് പുതുക്കിയതു കൊണ്ടു മാത്രമായില്ല. ഗൾഫിലെ റസിഡൻസി പെർമിറ്റിലും (ഇഖാമ) പാസ്‌പോർട്ട് വിവരങ്ങൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കിൽ അവധി കഴിഞ്ഞ് തിരികെയെത്തുമ്പോൾ ഐഡിയിലും കയ്യിലിരിക്കുന്ന പുതിയ പാസ്‌പോർട്ടിലും കാലാവധി തീയതികളിലെ മാറ്റം പ്രവേശനത്തിന് തന്നെ തടസ്സം സൃഷ്ടിക്കും. പുതിയ പാസ്‌പോർട്ട് കിട്ടിയാലുടൻ റസിഡൻസി പെർമിറ്റിൽ പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്താൽ ഒരാഴ്ചക്കുള്ളിൽ പുതിയ ഐഡിയും ലഭിക്കും. പുതുക്കിയ പാസ്‌പോർട്ടും പുത്തൻ ഐഡിയുമായി സമാധാനമായി തന്നെ അവധിക്കാലം ആസ്വദിച്ച് മടങ്ങിയെത്താം. യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ ഔദ്യോഗിക ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡ് മുഖേന വേണം പാസ്‌പോർട്ട് പുതുക്കാൻ. എല്ലാ എമിറേറ്റുകളിലും ബിഎൽഎസിന്റെ ഓഫിസുണ്ട്.

∙കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് സേവാ പോർട്ടലിൽ (https://embassy.passportindia.gov.in/) പ്രവേശിച്ച് പാസ്‌പോർട്ട് സർവീസ് വിഭാഗത്തിൽ റജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡി എടുക്കണം. പാസ്‌പോർട്ട് പുതുക്കൽ വിഭാഗത്തിൽ പ്രവേശിച്ച് അപേക്ഷ കൃത്യമായി പൂരിപ്പിക്കണം. ഓർഡിനറി പാസ്‌പോർട്ട് എന്ന ഓപ്ഷനിൽ വേണം ക്ലിക്ക് ചെയ്യാൻ. അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ കൃത്യമായി തെറ്റാതെ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യണം. അതിനു ശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുക്കണം. 2 കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ വേണം. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പാടില്ല. വെളുപ്പ് ബാക്ക്ഗ്രൗണ്ടിലെടുത്ത 2×2 ഇഞ്ച് (51X51mm) സൈസിലുള്ളതായിരിക്കണം ഫോട്ടോ. കുറഞ്ഞത് മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷയിൽ ഫോട്ടോ പതിക്കണം. അപേക്ഷ സമർപ്പിക്കാൻ എത്തുമ്പോൾ ബന്ധപ്പെട്ട ഓഫിസറുടെ മുൻപാകെ വേണം ഫോട്ടോയിൽ ഒപ്പിടാൻ. കൈവശമുള്ള പാസ്‌പോർട്ടിന്റെ ഒറിജിനലും പകർപ്പും, റസിഡൻസി പെർമിറ്റിന്റെ (ഇഖാമ)ഒറിജിനലും പകർപ്പും വേണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് പുതുക്കാൻ രക്ഷിതാക്കളുടെ ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയും ഹാജരാക്കണം. പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം മേൽപറഞ്ഞ രേഖകളും സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ. നിശ്ചിത തുക ഫീസ് അടച്ചാൽ പരമാവധി 7-10 ദിവസത്തിനുള്ളിൽ പുതുക്കിയ പാസ്‌പോർട്ട് ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *