
ഡ്രോൺ സുരക്ഷാ മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കി യുഎഇ
ഡ്രോണുകൾക്കായി പുതിയ സൈബർ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഡിജിറ്റൽ പരിവർത്തനത്തിലും സൈബർ സുരക്ഷാ നവീകരണത്തിലും വൈദഗ്ധ്യം നേടിയ റീച്ച് ഡിജിറ്റലുമായും ഷീൽഡ് വർക്ക്സുമായും സഹകരിച്ചാണ് സൈബർ സുരക്ഷാ കൗൺസിൽ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. സൈബർ ഭീഷണികൾക്കെതിരായ ദേശീയ പ്രതിരോധം ശക്തിപ്പെടുത്തുക, സുരക്ഷിത ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുക, നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി യുഎഇയെ മാറ്റുക എന്നിവയാണ് ലക്ഷ്യങ്ങൾ.സർക്കാർ, വാണിജ്യ, വ്യാവസായിക മേഖലകളിലെ ഡ്രോൺ പ്രവർത്തനം സുരക്ഷിതമാക്കുന്നതിനു കർശന മാനദണ്ഡങ്ങൾ സഹായിക്കുമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി മേധാവി ഡോ.മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. സുരക്ഷ, കൃഷി, പാരിസ്ഥിതിക നിരീക്ഷണം മുതൽ ലോജിസ്റ്റിക്സ് വരെ വിവിധ മേഖലകളിൽ ഡ്രോൺ ഉപയോഗം വർധിക്കുന്നതിനാൽ വ്യോമാതിർത്തി, അടിസ്ഥാന സൗകര്യവികസനം, ഡേറ്റ സമഗ്രത എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
യുഎഇയുടെ ഡിജിറ്റൽ, സൈബർ സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയാണു സൈബർ സുരക്ഷാ കൗൺസിലുമായുള്ള സഹകരണം പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ ഡ്രോൺ സേവന (ആളില്ലാ വിമാനങ്ങൾ) കമ്പനികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയുടെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണു പുറത്തിറക്കിയത്.യാത്ര, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗം ശക്തമാക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണു നിയന്ത്രണം. വിനോദത്തിനായി ഡ്രോൺ പറത്തുന്നവരും യുഎഇ ഡ്രോൺസ് ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്തു ജനറൽ സിവിൽ ഏവിയേഷനിൽ നിന്ന് സേവന, പരിശീലന സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ജനറൽ സിവിൽ ഏവിയേഷന്റെ മാർഗനിർദേശം പാലിക്കണം. വാണിജ്യ, കാരുണ്യ, ജീവൻരക്ഷാ പദ്ധതികൾക്കുള്ള സേവനമാണെങ്കിലും വ്യോമയാന വകുപ്പിൽനിന്ന് അനുമതി നിർബന്ധമാണ്. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്ക് 6 മാസം മുതൽ 5 വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)