
സന്തോഷ് ട്രോഫി ചാമ്പ്യൻ താരം ഫസലുവിന് വ്യാഴാഴ്ച താനൂരിൽ കല്യാണം, വെള്ളിയാഴ്ച ഖത്തറിൽ ഫുട്ബാൾ; കല്ല്യാണപ്പന്തലിൽനിന്ന് മൈതാനത്തേക്കൊരു മണവാളൻ സർക്കീട്ട്
ദോഹ: മലപ്പുറം താനൂരിലെ മംഗല്യപ്പന്തലിൽനിന്നും ദോഹ സ്പോർട്സ് സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിലേക്ക് ത്രൂപാസ് പോലൊയൊരു മണവാളൻ യാത്ര. കേരളത്തിന്റെ സന്തോഷ് ട്രോഫി, ഐ ലീഗ് താരം താനൂർ അട്ടത്തോട് സ്വദേശി ഫസലു റഹ്മാനാണ് പുതുമണവാളന്റെ വേഷവും അഴിച്ചുവെച്ച്, ഫുട്ബാൾ മൈതാനത്തേക്ക് നേരെ പറന്നിറങ്ങിയത്.
വ്യാഴാഴ്ചയായിരുന്നു താനൂരിലെ വീട്ടിൽ വെച്ച് ഫസലു റഹ്മാന്റെ വിവാഹം. നേരം, ഇരുട്ടി വെളുത്തതിനു പിന്നാലെ പുതുമണവാട്ടി റുമൈസയുടെ കൈയും പിടിച്ച് ഫസലു എത്തിയത് കോഴിക്കോട് വിമാനത്താവളത്തിൽ. രാവിലെ 8.50നുള്ള എയർ ഇന്ത്യൻ എക്സ്പ്രസിൽ കയറി 11 ഓടെ ദോഹയിലിറങ്ങി നേരെ ഓടിയെത്തിയത് കളിത്തിരക്കിലേക്ക്.
ഖത്തറിലെ ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ താൻ നായകനായ ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി നിർണായക മത്സരത്തിൽ ബൂട്ടുകെട്ടുമ്പോൾ ഉത്തരവാദിത്തമുള്ള ക്യാപ്റ്റൻ എങ്ങനെ വീട്ടിലിരിക്കുമെന്ന ചിന്തയായിരുന്നു താരത്തിലെ ഫുട്ബാളറെ ഉണർത്തിയത്.
കഴിഞ്ഞ എട്ടു വർഷത്തോളമായി കേരളത്തിലെ ക്ലബ് ഫുട്ബാളിലും ദേശീയ ലീഗുകളിലും സജീവമായ ഫസലുറഹ്മാനെ മലയാളി ഫുട്ബാൾ ആരാധകർക്ക് നന്നായി അറിയാം. 2022ൽ പയ്യനാട് സ്റ്റേഡിയത്തിൽ ബംഗാളിനെ തോൽപിച്ച് കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ വിങ്ങിൽ പന്തുമായി കുതിച്ച മലപ്പുറത്തിന്റെ സ്വന്തം താരം.
ഐ ലീഗിൽ മുഹമ്മദൻസിനും ഗോകുലം കേരളത്തിനും കളിച്ച് പേരെടുത്ത ഫസലുറഹ്മാൻ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഖത്തറിലും വിവിധ ക്ലബുകൾക്കായി പന്തു തട്ടാനെത്തുന്നുണ്ട്. ഇത്തവണ ഖിയ ചാമ്പ്യൻസ് ലീഗിൽ ഫിഫ മഞ്ചേരി നായകനായി ബൂട്ടുകെട്ടുന്നതിനിടയിലായിരുന്നു കല്യാണമെത്തിയത്. മൂന്നു മാസം മുമ്പുതന്നെ നാട്ടുകാരി കൂടിയായ റുമൈസയുമായി വിവാഹ നിശ്ചയം കഴിഞ്ഞു.
മേയ് 14ന് വിവാഹവും, 15ന് വിവാഹ സൽക്കാരവും. എന്നാൽ, ഇതിനിടയിലായിരുന്നു ഖിയ ചാമ്പ്യൻസ് ലീഗിന്റെ മത്സര ഷെഡ്യൂൾ വരുന്നത്. വിവാഹത്തിനു പിറ്റേന്ന് ടീമിന് കളിയുണ്ട്. എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുണ്ടായിരുന്നുള്ളൂ രണ്ടും ഒന്നിച്ചു പോകട്ടെ. ഫസലുവിന്റെ തീരുമാനത്തിന് ടീം മാനേജർ ഷംസീർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ലഭിച്ചു.
അങ്ങനെയാണ്, മേയ് ഒന്നിന് കിക്കോഫ് കുറിച്ച ‘ഖിയ’ ടൂർണമെന്റിനായി ദോഹയിലെത്തിയത്. വീട്ടിൽ വിവാഹ ഒരുക്കം സജീവമാകുന്നതിനിടെ, മേയ് എട്ടിന് ടീമിന്റെ രണ്ടാമത്തെ മത്സരം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. എല്ലാം നേരത്തേ തീരുമാനിച്ചതുപോലെതന്നെ നടന്നു.
നിശ്ചയവും, വിവാഹ സൽക്കാരവും കേമമായി. വീട്ടുകാരും മണവാട്ടിയുമൊന്നും വെള്ളിയാഴ്ച ദോഹയിലേക്ക് പറക്കാനുള്ള ഫസലുവിന്റെ തീരുമാനം അറിഞ്ഞിരുന്നില്ല. ഒടുവിൽ, ഭാര്യക്കൊരു സർപ്രൈസ് ഗിഫ്റ്റ് പോലെ ഖത്തർ യാത്രാ വർത്ത വ്യാഴാഴ്ച രാത്രിയിൽ അറിയിച്ചു.
വീട്ടുകാരും റുമൈസയും ഉൾപ്പെടെ എല്ലാവരും ആദ്യം ഞെട്ടിയെന്ന് ഫസലു പറയുന്നു. ടീം മാനേജർ ഷംസീറായിരുന്നു ഈ കാര്യം വീട്ടുകാരെ അറിയിച്ചത്. കളിക്കാനുള്ള യാത്രക്ക് അവരും മുടക്കം പറഞ്ഞില്ല. കല്യാണപ്പിറ്റേന്ന് ഒരു ഇന്റർനാഷനൽ മധുവിധു യാത്രതന്നെ ഭാര്യക്ക് സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ഇരട്ടിമധുരവുമായി ഫസലുവിന്.
വെള്ളിയാഴ്ച ഉച്ചയോടെ ദോഹയിലെത്തിയ താരം, കാര്യമായ വാം അപ്പൊന്നുമില്ലാതെയാണ് തമിഴർ സംഗത്തിനെതിരായ മത്സരത്തിനിറങ്ങിയത്. കളിയുടെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങുകയും ചെയ്തു. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. നിലവിൽ കേരള സൂപ്പർ ലീഗ് ക്ലബ് മലപ്പുറം എഫ്.സിയുടെ താരമാണ് ഫസലുറഹ്മാൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)