35,000 അടി ഉയരത്തിൽ ആദ്യ ആകാശ ഗെയിം മത്സരവുമായി ഖത്തർ എയർവേസ്
ദോഹ: 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലിരുന്ന് ഒരു ഗെയിമിങ് മത്സരമായാലോ? അതും അതിവേഗ ഇന്റർനെറ്റിന്റെ സഹായത്തോടെ. അങ്ങനെയൊരു ഗെയിമിങ് മത്സരവുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഖത്തർ എയർവേസ്. ആകാശത്ത് ‘ഗെയിമിങ് ഇൻ ദ സ്കൈ’ എന്ന പേരിലാണ് ഇ-സ്പോർട്സ് മത്സരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ചയിൽ ദോഹയിൽനിന്നും ലണ്ടനിലേക്ക് പറന്ന വിമാനമാണ് ഗെയിമിങ് രംഗത്തെ മുൻനിര പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗെയിമിങ് മത്സരത്തിന് വേദിയായത്. വ്യോമയാന മേഖലയെ വിനോദ, സാങ്കേതികവിദ്യ എന്നിവയുമായി കൂട്ടിയിണക്കിയാണ് ആകാശത്തെ ഗെയിമിങ് മത്സരം എന്ന പുതിയ നാഴികക്കല്ല് സൃഷ്ടിച്ചത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സ് ലഭ്യമാക്കുന്ന അതിവേഗ ഇന്റര്നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഉപയോഗപ്പെടുത്തിയാണ് ആകാശത്ത് ഗെയിംമിങ് മത്സരങ്ങൾ അരങ്ങേറിയത്. യാത്രക്കാർക്ക് ഭൂമിയിലെന്ന പോലെ, ആകാശ യാത്രയിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ചുവടുവെപ്പാണ് സ്റ്റാർലിങ്ക് കണക്ടിവിറ്റി. സ്റ്റാർലിങ്ക് ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനവുമാണ്. സ്റ്റാർലിങ്ക് സംവിധാനമുപയോഗിച്ച് ഹൈ സ്പീഡ് ഓൺബോർഡ് ഇന്റർനെറ്റ് നൽകുന്ന മിന മേഖലയിലെ ഏക വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരായ ഓൺലൈൻ സ്ട്രീമർമാരായ ടിഫ്യൂ എന്നറിയപ്പെടുന്ന ടർണർ ടെന്നി, കാസ്ട്രോ 1021, ലിസ സിമൗച്, അലോഡിയ ഗോസിൻഫിയോ, ഡാന്റിക്, എസ്.വി 2 തുടങ്ങിയ താരങ്ങളാണ് ഖത്തർ എയർവേസിന്റെ പരീക്ഷണ മത്സരത്തിൽ അണിനിരന്നത്. ടീം ബർഗണ്ടി ഒറിക്സും ടീം ഗ്രേ ഏവിയേറ്റേഴ്സും തമ്മിലാണ് മിഡ് എയർ ഷോഡൗണിൽ ഏറ്റുമുട്ടിയത്. സ്റ്റാർലിങ്കിന്റെ അൾട്രാ ഫാസ്റ്റ്, ലോ ലേറ്റൻസി ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കളിക്കാർ തടസ്സമില്ലാതെ ഗെയിമിങ്ങിന്റെ ഭാഗമായി.
തത്സമയ അപ്ഡേറ്റുകളുമായി ഖത്തർ എയർവേസിന്റെ സോഷ്യൽ മീഡിയ ചാനലുകളും സജീവമായിരുന്നു. ലോകമെമ്പാടുമുള്ള ഗെയിമിങ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ മത്സരത്തിന്റെ തത്സമയ വിവരങ്ങൾ പിന്തുടർന്നു. കൂടുതൽ യാത്രക്കാർക്ക് 35,000 അടി ഉയരത്തിൽ സ്ട്രീമിംഗ്, ഗെയിമിംഗ്, അതിവേഗ ബ്രൗസിംഗ് എന്നിവ ആസ്വദിക്കാനും പൂർണമായും സൗജന്യമായ അൾട്രാ-ഫാസ്റ്റ് വൈ-ഫൈ ലഭ്യമാക്കുന്നതിനുമുള്ള എയർലൈനിന്റെ ആദ്യ ചുവടുവെപ്പായിരുന്നു ഈ മത്സരം. ഇത് വ്യോമയാന സാങ്കേതികവിദ്യയിലും യാത്രാ അനുഭവത്തിലും ഖത്തർ എയർവേയ്സിന്റെ സ്ഥാനം മുൻപന്തിയിൽ ഉറപ്പിക്കുന്നു.
യാത്രക്കാർക്ക് തങ്ങൾ വീടുകളിലാണെന്ന് തോന്നിപ്പിക്കും വിധത്തിൽ ആകാശത്ത് ഇൻഫ്ലൈറ്റ് അനുഭവം നൽകാൻ ഖത്തർ എയർവേസ് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുമെന്നും ഈ രംഗത്തെ സുപ്രധാനവും ധീരമായതുമായ ചുവടുവെപ്പാണ് ആകാശ ഗെയിമിങ് മത്സരമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ബോയിങ് 777 വിമാനങ്ങളിലെ സ്റ്റാർലിങ്ക് കണക്ടിവിറ്റി അവസാന ഘട്ടത്തിലാണ്. എയർബസ് എ 380ൽ സ്റ്റാർലിങ്ക് സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചതെന്നും ബദർ അൽ മീർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)