Posted By user Posted On

യുഎഇ വീസ നിഷേധിക്കാന്‍ ഈ കാരണങ്ങള്‍ മതി; സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും

യുഎഇയിലേക്ക് വിസിറ്റ് വീസയോ ടൂറിസ്റ്റ് വീസയോ കിട്ടാന്‍ എളുപ്പമാണെങ്കിലും പലര്‍ക്കും അപ്രതീക്ഷിതമായി വിസ നിഷേധിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ട്. ദുബൈ ഉള്‍പ്പടെയുള്ള വിവിധ എമിറേറ്റുകളില്‍ വേഗത്തില്‍ എത്താമെന്ന കണക്കുകൂട്ടലുകള്‍ ചിലപ്പോഴൊക്കെ പാളിപ്പോകാം. വീസ നിബന്ധനകളില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ അപേക്ഷ സമര്‍പ്പിക്കുന്നതാണ് പലര്‍ക്കും വിനയാകാറുള്ളത്.
പ്രത്യേകം ശ്രദ്ധിക്കണം
അധിക പേരുടെയും വീസ അപേക്ഷകള്‍ തള്ളുന്നതിനോ കാലതാമസം വരുന്നതിനോ ഇടയാക്കുന്നത് അപേക്ഷകള്‍ നല്‍കുമ്പോഴുള്ള അശ്രദ്ധയാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വീസക്ക് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും പൂര്‍ണ വിവരങ്ങളും ഇരുവരുടെയും സമ്മതപത്രവും നല്‍കണം. പലരും ഇത് നല്‍കാതിരിക്കുന്നത് അപേക്ഷകള്‍ തള്ളാന്‍ ഇടയാക്കാറുണ്ട്.

ഒരേ വ്യക്തിയുടെ പേരില്‍ തന്നെ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും തടസങ്ങളുണ്ടാക്കും. നേരത്തെ നല്‍കിയ അപേക്ഷയില്‍ തീരുമാനം വരുന്നതുവരെ ക്ഷമിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു വീസയില്‍ യുഎഇ സന്ദര്‍ശിച്ച് നാട്ടില്‍ തിരിച്ചെത്തി ഉടനെ തന്നെ പുതിയ വീസക്ക് അപേക്ഷിക്കുന്നതും തടസമാകും. ഒരു യാത്ര കഴിഞ്ഞ് ഒരു മാസമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ പുതിയ വീസക്ക് അപേക്ഷിക്കാവൂവെന്നും ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇടവേളകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവരെ യുഎഇയിലെ എമിഗ്രേഷന്‍ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

ഈ രേഖകള്‍ ഉറപ്പുവരുത്തണം
നിലവിലുള്ള യുഎഇ നിയമമനുസരിച്ച് വിസിറ്റ്, ടൂറിസ്റ്റ് വീസകള്‍ ലഭിക്കാന്‍ ഏതാനും രേഖകള്‍ നിര്‍ബന്ധമാണ്. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന് പുറമെ മടക്കയാത്രക്കുള്ള കണ്‍ഫേം ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ അല്ലെങ്കില്‍ ബന്ധുവിന്റെ താമസസ്ഥലത്തിന്റെ രേഖ, ബന്ധുവിന്റെ എമിറേറ്റ്‌സ് ഐഡി, നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 500 ദിര്‍ഹത്തിനും 3,000 ദിര്‍ഹത്തിനും ഇടയിലുള്ള തുക ഉണ്ടെന്നതിന്റെ രേഖ എന്നിവ നിര്‍ബന്ധമാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ അക്കൗണ്ടില്‍ കുറഞ്ഞത് 50,000 രൂപയെങ്കിലും ഉണ്ടായിരിക്കണം. രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍ പര്യാപ്തമാകില്ല എന്നതിനാല്‍ പ്രിന്റുകള്‍ കൈവശം വെക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *