
ഖത്തറിന്റെ നിർമ്മാണ രംഗത്ത് കുതിപ്പ്; 8100 കോടി റിയാലിന്റെ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് അഷ്ഗാൽ
ദോഹ: ഖത്തറിലെ നിർമ്മാണ മേഖലയ്ക്ക് കരുത്തേകാൻ ബൃഹത്തായ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. 8100 കോടി ഖത്തർ റിയാലിന്റെ വിവിധ പദ്ധതികളാണ് അഷ്ഗാൽ പ്രഖ്യാപിച്ചത്. മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും കരാറുകാർക്ക് സഹായം നൽകുന്നതിനുമായി ബദൽ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണം, പൗരന്മാരുടെ ഭൂമി വികസനം, മഴവെള്ള-മലിന ജല ശൃംഖലകൾ സ്ഥാപിക്കൽ തുടങ്ങി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് ഈ വലിയ തുക ചെലവഴിക്കുക. നഗര വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതികളിൽ പലതും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുക.
ദോഹയുടെ വടക്ക്, തെക്ക് ഭാഗങ്ങളിൽ സ്റ്റോംവാട്ടർ ഡ്രെയിനേജിനുള്ള ദീർഘകാല സുസ്ഥിര പരിഹാരമായ സ്ട്രാറ്റജിക് ഔട്ട്ഫാൾസ് പ്രൊജക്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ഈ പദ്ധതിയുടെ ടെൻഡർ നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. പ്രധാന തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം രണ്ടാം പകുതിയോടെ പ്രഖ്യാപിക്കുമെന്നും അഷ്ഗാൽ അറിയിച്ചു.
കൂടാതെ, റോഡുകൾ, തെരുവ് വിളക്കുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവയുൾപ്പെടെ 5500-ൽ അധികം ഭവന പ്ലോട്ടുകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അഷ്ഗാലിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)