
യുഎഇയിൽ ബ്ലൂ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കാൻ 180 ദിവസത്തെ മൾട്ടി എൻട്രി പെർമിറ്റ്; അറിയാം വിശദമായി
പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇയുടെ ബ്ലൂ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കുന്നതിനായി 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് അനുവദിക്കുന്നു. യുഎഇക്ക് പുറത്തുള്ള ആളുകൾക്ക് ഈ പെർമിറ്റിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പത്ത് വർഷത്തെ കാലാവധിയുള്ള ബ്ലൂ റസിഡൻസി വീസ, പരിസ്ഥിതി പ്രവർത്തകരായ വിദേശികൾക്ക് യുഎഇയിൽ ദീർഘകാലം താമസിക്കാൻ അവസരം നൽകുന്ന ഒരു പ്രത്യേക വീസയാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇപ്പോൾ 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് അനുവദിക്കുന്ന കാര്യം അറിയിച്ചത്.
യുഎഇയിൽ പരിസ്ഥിതി സംരക്ഷണത്തിനും പുതിയ കണ്ടുപിടുത്തങ്ങൾക്കും നൽകിയിട്ടുള്ള മികച്ച സംഭാവനകൾക്കുള്ള രാജ്യത്തെ ആദ്യത്തെ ദീർഘകാല റസിഡൻസി വീസയാണ് ബ്ലൂ റസിഡൻസി. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ വീസ നൽകുന്നത്.
∙ആർക്കൊക്കെ അപേക്ഷിക്കാം
പരിസ്ഥിതി മേഖലയിൽ ശ്രദ്ധേയമായ സ്വാധീനമുള്ള വ്യക്തികൾ.
യുഎഇ സയന്റിസ്റ്റ് കൗൺസിൽ അംഗീകരിച്ച ശാസ്ത്രജ്ഞരും ഗവേഷകരും.
പരിസ്ഥിതി സംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്ന നിക്ഷേപകരും സംരംഭകരും.
ഗവൺമെന്റ്/സ്വകാര്യ പരിസ്ഥിതി സ്ഥാപനങ്ങളിലെ പ്രധാന വിദഗ്ധരും പ്രവർത്തകരും.
∙അപേക്ഷ എങ്ങനെ സമർപ്പിക്കാം
ഐസിപി(ICP)യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും യുഎഇ ഐസിപി(UAEICP) മൊബൈൽ ആപ്പിലൂടെയും അപേക്ഷ സമർപ്പിക്കാം. ഈ നടപടിക്രമങ്ങൾക്ക് ഏകദേശം ഏഴ് മിനിറ്റ് മാത്രമേ എടുക്കൂ.
∙ആവശ്യമായ രേഖകൾ
കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്.
വ്യക്തിഗത ഫോട്ടോ.
യോഗ്യത തെളിയിക്കുന്ന രേഖകൾ.
ഫീസ് അടച്ച രേഖ.
അപേക്ഷ സമർപ്പിക്കൽ ഫോം.
രേഖകൾ പരിശോധിച്ച ശേഷം ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാകും.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ആദ്യ ഘട്ടത്തിൽ 20 പ്രമുഖ പരിസ്ഥിതി പ്രവർത്തകർക്ക് ബ്ലൂ റസിഡൻസി പ്രഖ്യാപിച്ചത്. യുഎഇയുടെ ഗോൾഡൻ, ഗ്രീൻ വീസകൾക്ക് പിന്നാലെ വരുന്ന ദീർഘകാല റസിഡൻസി പദ്ധതികളിൽ ഒന്നാണ് ഇത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)