Posted By user Posted On

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല: കുടുംബത്തെ കൊന്നുതള്ളിയ കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

നന്തൻകോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി 12 വർഷം അധിക തടവും കേഡൽ അനുഭവിക്കണം. സെഷൻ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഈ 12 വർഷത്തെ തടവ് കേഡൽ ജെൻസൻ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. കൊലപാതകത്തിനും മറ്റു കുറ്റങ്ങൾക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവൻ ജോസ് സുന്ദരത്തിനാണ് നൽകേണ്ടത്.

പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീൻ പദ്മ, സഹോദരി കരോളിൻ, ജീൻ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വർഗത്തിലേക്ക് പറന്നുപോകുന്ന സാത്താൻസേവയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് താൻ കൊലപാതകം നടത്തിയതെന്നാണ് കേഡൽ പോലീസിന് നൽകിയ കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരുന്നത്.

പിന്നീട് മൊഴിമാറ്റിയ കേഡൽ, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാർ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞർ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രിൽ ഒൻപതിനാണ് കേഡൽ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വീട്ടിൽ എല്ലാവരും ഉണ്ടെന്ന് കാണിക്കാൻ മിക്കവാറും അഞ്ചുപേർക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡൽ മൂന്നാംദിവസം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുൻപ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തർമുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ലായിരുന്നു.

സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡൽ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാൻലി കാർപെന്റർ ആക്‌സ് എന്ന മഴു ഓൺലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡൽ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡൽ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകൾ താൻ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ ഹാജരായി. അഭിഭാഷകരായ റിയ, നിധിൻ എന്നിവർ സഹായികളായി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *