
ഇന്ത്യ- പാക്ക് സംഘർഷം, രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ; വിമാനത്താവളത്തിൽ 20 മണിക്കൂറായി കുടുങ്ങി മലയാളികൾ
ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതോടെ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബാധനാഴ്ച രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്സ് 540 നമ്പർ വിമാനമാണ് വൈകുന്നത്. എന്നാൽ ഇതുവരെ വിമാനത്താവളത്തിലെ അധികൃതർ എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നുള്ള കാര്യം യാത്രക്കാരെ അറിയിച്ചിട്ടുമില്ല. രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാല് ദിവസത്തെ അടിയന്തര അവധിക്ക് പോകുന്ന യുവാവും 10 ദിവസത്തെ അവധിക്ക് പോകുന്ന യുവതിയുമുണ്ട്. പലരും 20,000 രൂപ (900 ദിർഹം) മുതൽ നൽകിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ബോർഡിങ് കഴിഞ്ഞ ശേഷമായിരുന്നു വിമാനം ഒരു മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചത്. പിന്നീട് രാത്രി 10.45നായിരിക്കും പുറപ്പെടുക എന്നും അറിയിച്ചു. എന്നാൽ ഇതോടെ അക്ഷമരായ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് എയർ ഇന്ത്യാ അധികൃതർ ചർച്ച നടത്തി. പിന്നീട് വ്യാഴാഴ്ച വൈകിട്ട് 3.30ന് മാത്രമേ പോകുകയുള്ളൂ എന്ന് അറിയിച്ചു. തുടർന്ന് യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യവും ഭക്ഷണവും നൽകി. എന്നാൽ ഇന്ന് വൈകിട്ട് 6.30ന് വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ സൈനിക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വൈകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളൊക്കെ സർവീസ് നടത്തുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമെന്താണ് കുഴപ്പം എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഹൃദ്രോഗിയായ വയോധികന്റെതടക്കം പലരുടെയും മരുന്നുകൾ ലഗേജിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടേതടക്കം അത്യാവശ്യ വസ്ത്രങ്ങൾ പോലും ലഗേജിലാണ്. ഉടുതുണി മാറ്റാതെയാണ് യാത്രക്കാർ കഴിഞ്ഞ 20 മണിക്കൂറോളമായി വിമാനത്താവളത്തിൽ കഴിയുന്നത് കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)