
പരസ്യങ്ങളിൽ കാറുകളുടെ വിലയും നൽകണം; നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വാഹന വില്പനയില് ഡീലര്‍ക്കും ഉപഭോക്താവിനും
ഇടയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇടപെടല്‍. കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് എന്നിവ പരസ്യങ്ങളില്‍ തന്നെ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്സ്മിഷന്, എഞ്ചിന് തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം. മെയിന്റനന്‍സ് സെന്ററുകളിലും ഷോറൂമുകളിലും മെയിന്റനന്‍സ് ചെലവ് ഡിസ്പ്ലേ ഏരിയകളില്‍ രേഖപ്പെടുത്തിവെക്കണം. ഷോറൂമുകളില്‍ 42 ഇഞ്ചില്‍ കുറയാത്ത ഇന്ററാക്ടീവ് സ്ക്രീന്‍ സ്ഥാപിക്കണം. ഉപഭോക്താവിന് എല്ലാ വിവരങ്ങളും ഈ സ്ക്രീനില്‍ ലഭിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)