
ഖത്തറിൽ ഷീഷവലി നിർത്തുന്നതിനാവശ്യമായ ചികിത്സകൾക്ക് ക്ലിനിക്കൽ പഠനവുമായി പുകയില നിയന്ത്രണകേന്ദ്രം
ദോഹ: പുകച്ചുരുളുകൾക്കൊപ്പം മനംമയക്കും സുഗന്ധംപരത്തുന്ന ഷീഷ കാണുമ്പോൾ അറിയാതെയെങ്കിലും ഒന്നാഞ്ഞു വലിക്കാത്തവരായി ആരുമുണ്ടാവില്ല. ഖത്തർ ഉൾപ്പെടെ അറബ് നാടുകളുടെ പാരമ്പര്യത്തിന്റെ അടയാളം കൂടിയായ ഷീഷവലി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കുമറിയുന്നതുമാണ്. വിവിധ ഫ്ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടർ പൈപ്പ് ഉപയോഗിച്ച് വലിക്കുന്നതാണ് ഷീഷ അഥവ ഹുക്ക എന്നു പറയുന്നത്. സ്വദേശികൾക്കും സന്ദർശകരായെത്തുന്ന വിദേശികൾക്കും താമസക്കാർക്കും ഇടയിൽ ഹരമായ ഷീഷവലി നിയന്ത്രിക്കാൻ പിടിപ്പത് പദ്ധതികളാണ് ആരോഗ്യ വിഭാഗങ്ങൾ ഒരുക്കുന്നത്.
വർധിച്ചുവരുന്ന ഷീഷവലി കുറക്കുന്നതിനുള്ള സുപ്രധാന നീക്കത്തിനുതന്നെ ഹമദ് മെഡിക്കൽ കോർപറേഷൻ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എച്ച്.എം.സിക്ക് കീഴിലുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണകേന്ദ്രം കൂടിയായ പുകയില നിയന്ത്രണകേന്ദ്രം ഷീഷവലി നിർത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സാ രീതികൾ കണ്ടെത്തുന്നതിന് ക്ലിനിക്കൽ പഠനം ആരംഭിച്ചു. ഖത്തറിലും മേഖലയിലും ഇത്തരത്തിലുള്ള ആദ്യ ചുവടുവെപ്പാണ് എച്ച്.എം.സി നടത്തിയിരിക്കുന്നത്.
ഖത്തർ റിസർച്, ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിലുമായി സഹകരിച്ച് നടത്തിയ പഠനത്തിലൂടെ ഷീഷവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതികൾ വിലയിരുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)