
അമിത വേഗതയിൽ കാർ ചേസ്; യുഎഇയിൽ പ്രതികളുടെ തടവുശിക്ഷ റദ്ദാക്കി കോടതി
പൊതുജന സുരക്ഷക്ക് ഭീഷണിയുയർത്തി അമിത വേഗതയിൽ കാർ ചേസ് നടത്തിയെന്ന കേസിൽ നാലു പ്രതികളുടെ ശിക്ഷാവിധി പരിഷ്കരിച്ച് ഫുജൈറ അപ്പീൽ കോടതി. കേസിൽ നേരത്തെ പ്രതികൾക്കെതിരെ വിധിച്ച തടവുശിക്ഷ കോടതി റദ്ദാക്കി. പകരം ഒന്നും നാലും പ്രതികൾ 6,000 ദിർഹം വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.
പ്രേരണാക്കുറ്റം ചുമത്തിയ രണ്ടും മൂന്നും പ്രതികൾക്കുള്ള 3,000 ദിർഹം പിഴ ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു. കാർ വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട കേസാണ് പിന്നീട് നാടകീയമായി കാർ ചേസിങ് കേസായി മാറിയത്. ദുബൈ ആസ്ഥാനമായുള്ള കാർ വാടക സ്ഥാപനത്തിലെ ജീവനക്കാരും ഇവരിൽ നിന്ന് കാർ വാടകക്കെടുത്ത നാലാം പ്രതിയും തമ്മിലുള്ള തർക്കങ്ങളാണ് കാർ ചേസിങ് കേസായി മാറിയത്. വാടക കാർ തിരികെ നൽകുന്നതിൽ പരാജയപ്പെട്ട നാലാം പ്രതിയെ ഒന്നും രണ്ടും പ്രതികളായ ജീവനക്കാർ പിന്തുടരുകയായിരുന്നു.
കാർ തിരികെ പിടിക്കുന്നതിനായി നാലാം പ്രതിയെ പിന്തുടർന്നതോടെയാണ് സ്ഥിതി വഷളാവാൻ കാരണമായതെന്ന് ഒന്നും രണ്ടും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. തിരച്ചിലിനിടെ ഫുജൈറയിലെ അൽ സദ്വ സ്ട്രീറ്റിലെ പെട്രോൾ സ്റ്റേഷനിലാണ് കാർ കണ്ടെത്തിയത്. തുടർന്ന് നാലാം പ്രതിയുടെ നീക്കം തടയാൻ ശ്രമിച്ചെങ്കിലും ഇവരുടെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. കാർ തിരിച്ച് പിടിക്കാനായാണ് അമിത വേഗതയിൽ ചേസ് ചെയ്തതെന്ന് ഒന്നാം പ്രതി കോടതിയിൽ സമ്മതിച്ചു.
എന്നാൽ, റെൻറൽ കമ്പനിയിലെ ജീവനക്കാരുടെ ആക്രമണത്തിൽ രക്ഷപ്പെടാനാണ് തൻറെ കക്ഷി അമിത വേഗതയിൽ വണ്ടി ഓടിച്ചുപോയതെന്ന് നാലാം പ്രതിയുടെ അഭിഭാഷകനും വാദിച്ചു. കേസിലെ മുഴുവൻ പ്രതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷാവിധി പുനഃപരിശോധിച്ച് പിഴശിക്ഷയിൽ കേസ് വിധി പ്രസ്താവിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)