
പാക് വ്യോമാതിർത്തി റദ്ദാക്കൽ; കേരളത്തിൽനിന്നുള്ള ഗൾഫ് റൂട്ടുകളെ ബാധിക്കുമോ?
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചുകൊണ്ട് വ്യോമാതിർത്തി അടക്കാനുള്ള പാകിസ്താന്റെ തീരുമാനം ഗൾഫ് സെക്ടറിൽനിന്ന് കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രയെ ബാധിക്കില്ല. യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽനിന്നും മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ചെന്നൈ ഉൾപ്പെടെ സെക്ടറുകളിലേക്കുള്ള വിമാനങ്ങൾ നേരത്തേയുള്ള റൂട്ടുകളിൽതന്നെയാണ് സർവിസ് തുടരുന്നത്.
എന്നാൽ, ഈ ഗൾഫ് രാജ്യങ്ങളിൽനിന്നും വടക്കേ ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹി, അമൃത്സർ, ജയ്പൂർ, ലഖ്നോ, വാരാണസി തുടങ്ങിയ നഗരങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങൾ റൂട്ട് മാറ്റി, ഗുജറാത്തിനും അറബിക്കടലിനും മുകളിലൂടെയാണ് ഗൾഫ് മേഖലയിലേക്ക് യാത്ര ചെയ്യുന്നത്. അതേസമയം, ഖത്തർ എയർവേസ്, എമിറേറ്റ്സ്, ഇത്തിഹാദ്, ഗൾഫ് എയർ ഉൾപ്പെടെ ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന വിദേശരാജ്യങ്ങളുടെ വിമാനകമ്പനികൾക്ക് വിലക്ക് ബാധകമല്ല. ഭീകരാക്രമണത്തിന് പിന്നാലെയുള്ള നടപടികൾക്ക് പകരമായി പാകിസ്താൻ വ്യോമാതിർത്തി അനുമതി നിഷേധിച്ചതോടെയാണ് ഇന്ത്യൻ വിമാനങ്ങൾ റൂട്ടുമാറ്റി യാത്ര ആരംഭിച്ചത്.
അമേരിക്ക, യൂറോപ്പ്, ബ്രിട്ടൺ, മിഡിൽഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് കാരണം സമയക്രമത്തെ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 24 വ്യാഴാഴ്ചമുതൽ വിവിധ സർവിസുകൾ പുതിയ റൂട്ടിലാണ് യാത്ര ചെയ്തത്. എന്നാൽ, യാത്രാ സമയത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ നിശ്ചിത ഷെഡ്യൂളിൽ വിമാനങ്ങൾക്ക് ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞതായി ൈഫറ്റ് റഡാർ ഉൾപ്പെടെ ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നു.
ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ യു.എ.ഇ, ഒമാൻ ആകാശങ്ങളിലൂടെ അറബിക്കടൽ വഴി പ്രവേശിച്ചാണ് കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സാധാരണയായി പറക്കുന്നത്. പുതിയ സാഹചര്യങ്ങൾ ഈ സെക്ടറിനെ തീരെ ബാധിക്കുന്നില്ലെന്ന് വ്യോമയാന വിദഗ്ധൻ കൂടിയായ മാധ്യമ പ്രവർത്തകൻ ജേക്കബ് ഫിലിപ്പ് പ്രതികരിച്ചു. പാക് വ്യോമമേഖല ഉപയോഗപ്പെടുത്തുന്ന ഗുജറാത്ത് മുതൽ ഇന്ത്യയുടെ വടക്ക് ഭാഗങ്ങളിലെ വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകൾ മാത്രമാണ് വഴി തിരിച്ചു വിടുന്നത്.
എന്നാൽ, നേത്തേയുള്ള സമയത്തേക്കാൾ കുറഞ്ഞ സമയത്തിൽ ഇവർക്ക് ഇപ്പോൾ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയുന്നുവെന്നതാണ് വസ്തുത. കര ആകാശപാത തെരഞ്ഞെടുക്കുന്നതിനാലാണ് പാകിസ്താൻ വ്യോമപാത മുറിച്ചുകടന്നുള്ള യാത്ര തെരഞ്ഞെടുക്കുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ കടലിന് മുകളിലൂടെ പറക്കുമ്പോൾ നേരെയുള്ള പാത ലഭിക്കുമ്പോൾ സമയലാഭവുമാവുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ആക്രമണമുണ്ടാകും മുമ്പ്, ചൊവ്വാഴ്ച കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിലേക്ക്, പാകിസ്താന് മുകളിലൂടെ പറന്നെത്തിയത് അഞ്ചു മണിക്കൂർ 39 മിനിറ്റു കൊണ്ടാണ്.
ആക്രമണത്തിനു ശേഷം, ബുധനാഴ്ച പുലർച്ച പാക് വ്യോമമേഖല ഒഴിവാക്കി ഡൽഹിയിലേക്ക് പറക്കാനെടുത്തത് നാലു മണിക്കൂർ 46 മിനിറ്റുമാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള മലയാളികൾ ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ യാത്രക്കാർ ആശങ്കപ്പെടാനില്ലെന്ന് ദോഹയിലെ ട്രാവൽ വിദഗ്ധൻ ഫിറോസ് പറഞ്ഞു. അതേസമയം, അസർബൈജാൻ, കസാഖിസ്താൻ, ജോർജിയ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്നവർക്ക് റൂട്ട് മാറ്റം അമിത സാമ്പത്തിക ഭാരമാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)