
സിനിമാ മോഹം ബാക്കിയാക്കി മലയാളി വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം: അലക്സിന് വിട നൽകി പ്രവാസലോകം
അബുദാബിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച മലയാളി പ്ലസ് ടു വിദ്യാർഥി അലക്സ് ബിനോയു(റോഷൻ-17)യുടെ വിയോഗം സഹപാഠികളെയും കുടുംബാംഗങ്ങളെയും അധ്യാപകരെയുമെല്ലാം കണ്ണീരിലാഴ്ത്തി. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞ പ്രിയ കൂട്ടുകാരനെ ഇനിയൊരിക്കലും കാണാനാകില്ലെന്ന തിരിച്ചറിവ് എല്ലാവരെയും ഏറെ ദുഃഖിപ്പിക്കുന്നു. എറണാകുളം അരയൻകാവ് തോട്ടറ സ്വദേശി പാറയിൽ ബിനോയ് തോമസിന്റെയും എൽസി ബിനോയിയുടെയും മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനായ അലക്സ് ടൂറിസ്റ്റ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ വീണ് മരിച്ചത്. കെട്ടിടത്തിന്റെ കാവൽക്കാരൻ വന്ന് അറിയിക്കുമ്പോൾ മാത്രമാണ് അലക്സ് തന്റെ മുറിയുടെ ജനാലവഴി താഴേയ്ക്ക് വീണ കാര്യം കുടുംബം അറിയുന്നത്.
ഗുരുതര പരുക്കേറ്റ അലക്സിനെ ഉടൻ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഏറെ കാലമായി യുഎഇയിൽ പ്രവാസിയായ പിതാവ് ബിനോയ് അഡ്നോക്കിൽ ജോലി ചെയ്യുന്നു. മാതാവ് എൽസി അബുദാബി ആശുപത്രിയിൽ നഴ്സാണ്. മൂത്ത സഹോദരൻ ഡോ. രാഹുൽ ബിനോയ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ സഹോദരൻ രോഹിത് ബിനോയ് പോളണ്ടിലാണ്.
അലക്സിന് വേണ്ടി അബുദാബി സെന്റ് ജോസഫ്സ് പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തി. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ എന്നിവരടക്കം മുന്നൂറിലേറെ പേർ പങ്കെടുത്തു. മൃതദേഹം ഇന്ന്(ശനി) രാത്രി 10.40ന് നാട്ടിലേക്ക് കൊണ്ടുപോകും.
∙ സിനിമാ മോഹം പാതിവഴിയിലാക്കി…
സിനിമാ സംവിധായകനാകണമെന്നായിരുന്നു അലക്സിന്റെ ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി അതേക്കുറിച്ച് പഠിക്കുകയും കൂട്ടുകാരുമായി ചർച്ച ചെയ്യുകയും സ്വപ്നങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. കൂടാതെ, ഹ്രസ്വചിത്രങ്ങളും റീൽസും ഉണ്ടാക്കിയിരുന്നു. പ്ലസ് ടുവിന് ശേഷം ബെംഗളൂരുവിലെ ഒരു യൂണിവേഴ്സിറ്റിയിൽ മാസ് കമ്യൂണിക്കേഷൻ പഠിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുമായിരുന്നു അലക്സ് ആരെ കണ്ടാലും ആശ്ലേഷിച്ച് കുശലം ചോദിക്കുന്ന സ്വഭാവക്കാരനായിരുന്നു. പ്രാർഥനയിൽ നൂറു കണക്കിന് പേർ പങ്കെടുത്തത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കിടെ കുടുംബ സംഗമം നടക്കുമ്പോൾ എല്ലാം ഒരുക്കാനായി ഓടിച്ചാടി നടക്കാൻ ഇനി ചുറുചുറുക്കുള്ള അലക്സില്ലെന്ന അറിവ് എല്ലാവരെയും വേദനിപ്പിക്കുന്നു.
തന്റെ മുറിയിലെ ജാനല വഴി എങ്ങനെയാണ് അലക്സ് താഴേയ്ക്ക് വീണെതെന്ന് ആർക്കും അറിയില്ല. ഒരു പക്ഷേ, മുറിയിൽ ജനാലയിലിരുന്നോ മറ്റോ റീലെടുക്കുമ്പോൾ അബദ്ധത്തിൽ വീണുപോയതാകാം എന്നാണ് ബന്ധുക്കൾ കരുതുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)