
യുഎഇ വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർധിപ്പിച്ചു; ഇനി എമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പം
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർധിപ്പിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡൻറിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.
നിർമിതബുദ്ധിയുടെ സഹായത്തോടെ സ്മാർട്ട് പാതകൾക്ക് ഒരേസമയം 10 യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ എ.ഐ വാരാചരണത്തിൻറെ ഭാഗമായി ദുബൈ ജി.ഡി.ആർ.എഫ്.എ സംഘടിപ്പിക്കുന്ന ഇൻറർനാഷനൽ എ.ഐ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംവിധാനം യാത്രക്കാർക്ക് സ്പർശനരഹിതമായ പ്രക്രിയയും വേഗത്തിലുള്ള എമിഗ്രേഷൻ നടപടിക്രമങ്ങളും ഉറപ്പാക്കും.
യു.എ.ഇ ആഗോള ഇന്നവേഷൻ ഹബ്ബായി വളർന്നിരിക്കുന്നെന്നും, ഇവിടെ ആശയങ്ങൾ യാഥാർഥ്യമാക്കുകയും ലോകോത്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇന്നവേഷൻസ് ഫോർ ഫോർസൈറ്റ് ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ഇംപ്രൂവ്മെൻറ് ഓഫ് ക്വാളിറ്റി എജുക്കേഷൻ എന്ന തലക്കെട്ടിലാണ് ജി.ഡി.ആർ.എഫ്.എയുടെ രാജ്യാന്തര എ.ഐ സമ്മേളനം നടക്കുന്നത്.
ഗ്രാൻഡ് ഹയാത്തിൽ നടന്ന ആദ്യ ദിവസത്തെ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. അടുത്ത രണ്ടു ദിവസങ്ങളിൽ അൽ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്താണ് സമ്മേളനം നടക്കുക.
ത്രിദിന പരിപാടിയിൽ 200ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 31 സർക്കാർ സ്ഥാപനങ്ങൾ, 55 പ്രാദേശിക അന്തർദേശീയ സർവകലാശാലകൾ, 32 സ്ഥാപന പങ്കാളികൾ എന്നിവ കൂടാതെ മൈക്രോസോഫ്റ്റ്, ഗൂഗ്ൾ പോലുള്ള ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികൾ ഉൾപ്പെടെ 200ൽ അധികം പ്രഭാഷകർ സമ്മേളനത്തിൽ സംസാരിക്കും. 500ൽ അധികം സർക്കാർ, അക്കാദമിക്, സ്വകാര്യ മേഖല പ്രതിനിധികൾ പങ്കെടുത്ത ആദ്യ ദിവസത്തെ സമ്മേളനത്തിൽ നിരവധി ഉന്നതതല സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)