കുത്തിവെപ്പിലൂടെ ശരീരത്തിൽ ഘടിപ്പിക്കാം, ശരീരത്തിൽ അലിഞ്ഞുചേരും; ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് ഗവേഷകർ
ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി. ഒരു അരിമണിയുടെ വലുപ്പം മാത്രമുള്ള ഈ പേസ്‌മേക്കർ കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.നവജാത ശിശുക്കൾക്കായി രൂപപ്പെടുത്തിയ ഇതിന് 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവുമാണ് ഉള്ളത്. ഹൃദയമിടിപ്പ് കുറയുമ്പോൾ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിർത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കർ.ഇവ ശരീരത്തിൽ ഘടിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണ്. അത് ലഘൂകരിക്കുന്നതിന് ഉതകുന്ന കണ്ടെത്തലാണ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ഒരു സിറിഞ്ചിന്റെ അഗ്രത്തിൽ ഉൾകൊള്ളാൻ കഴിയുന്നത്ര വലുപ്പമുള്ള ഇവയ്ക്ക് നിലവിൽ ഉപയോഗിക്കുന്ന പേസ്‌മേക്കറിന്റെ അതേ ഗുണങ്ങൾ തന്നെയാണെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ഇത് സ്ഥാപിച്ചുകഴിഞ്ഞാൽ നീക്കം ചെയ്യാനായി മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വരില്ല പകരം ഇത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തിൽ തന്നെ അലിഞ്ഞുചേരും.
മനുഷ്യരിൽ ഇത് പരീക്ഷിക്കാൻ വർഷങ്ങളെടുക്കുമെന്നും,നിലവിൽ എലി, പന്നി, നായ,എന്നീ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ പേസ്‌മേക്കറിന്റെ പ്രവർത്തനം വിജയകരമായതായും ഗവേഷകർ പറയുന്നു.ലോകത്ത് ഒരു ശതമാനം കുഞ്ഞുങ്ങൾ ജന്മനാ ഹൃദയ സംബന്ധമായ വൈകല്യത്തോടെയാണ് ജനിക്കുന്നത് .ഇവർക്ക് താത്കാലിക പേസിങ് മാത്രമാണ് ആവശ്യം,ചിലപ്പോൾ ഏഴ് ദിവസത്തിനുള്ളിൽ ശരിയാകാനും സാധ്യതയുണ്ട്, എന്നാൽ ഈ ദിവസങ്ങൾ ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്.ഇവ പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും ബുദ്ധിമുട്ടേറിയതാണ്,ഈ സാഹചര്യത്തിലാണ് ഈ കുഞ്ഞൻ പേസ്‌മേക്കറുകൾ ഗുണകരമാകുന്നത്. കൂടാതെ ഇവ വയർലെസ് ആണെന്നതും മറ്റൊരു പ്രത്യേകതയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)