
പാസ്പോർട്ട് വെരിഫിക്കേഷൻ; കേന്ദ്രത്തിന്‍റെ സർക്കുലർ പ്രവാസി ഹജ്ജ് തീർഥാടകർക്ക് തിരിച്ചടിയാകും
കേന്ദ്ര സക്കാറിന്‍റെ ഹജ്ജ് ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക് തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ. ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് വഴിമുടക്കിയാവുന്നത്.
കേന്ദ്ര ഹജ്ജ് ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച മുഴുവൻ തീർഥാടകരും ഏപ്രിൽ 18ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഏപ്രിൽ 16നാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. പ്രവാസികളായ തീർഥാടകർക്ക് അതത് ജില്ലാ ടൂറിസം ഓഫിസർ (ഡി.ടി.ഒ) വഴി സർക്കുലർ എത്തിയത് ഏപ്രിൽ 17ന് വൈകിട്ടാണെന്ന് തീർഥാടകർ പറയുന്നു. പാസ്പോർട്ട് സമർപ്പിക്കാൻ ഒരു ദിവസം പോലും സമയം ലഭിക്കാത്തതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ് പ്രവാസികളായ ഭൂരിഭാഗം തീർഥാടകരും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കുന്ന പാസ്പോർട്ട് അവിടെനിന്ന് മുംബൈയിലെ ഓഫിസിലേക്ക് അയച്ചാണ് വെരിഫിക്കേഷൻ പൂർത്തിയാക്കുക. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ പാസ്പോർട്ട് സമർപ്പിക്കുമെന്ന ആശങ്കയിലാണ് പ്രവാസികളായ അപേക്ഷകർ. വെരിഫിക്കേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാൻ ഇടയാക്കുമെന്നാണ് സർക്കുലറിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. ഹജ്ജ് യാത്രക്കായി പണമടച്ച തീർഥാകർക്ക് കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം വിസ അയച്ചുനൽകിയിരുന്നു. കൂടാതെ ഇവരുടെ യാത്ര തീയതികളും ഇതിനകം ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു.
ഏപ്രിൽ 25നകം പാസ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ഡി.ടി.ഒമാർ നൽകിയിരുന്ന നിർദേശം. ഇതനുസരിച്ച് നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുത്തവർക്ക് കനത്ത തിരിച്ചടിയാണ് പുതിയ സർക്കുലർ. പലരും 18നും 19നുമാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെന്നും പ്രവാസികളായ ഹജ്ജ് അപേക്ഷകർ പറഞ്ഞു. തീർഥാടനത്തിനായി പണമടക്കുകയും വിസ കൈപ്പറ്റുകയും ചെയ്തശേഷം പാസ്പോർട്ട് വെരിഫിക്കേഷന്‍റെ പേരിൽ അവസാന നിമിഷം യാത്ര മുടങ്ങുമെന്ന ആശങ്ക ശക്തമാണ്. പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടി ലഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ തീർഥാടകർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)