യുഎഇയിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ യാത്രികർക്ക് മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ നടപടി ഉറപ്പ്, പരിശോധനയ്ക്ക് പ്രത്യേക യൂണിറ്റ്
യുഎഇ:ദുബായിലെ സൈക്കിൾ, ഇ-സ്‌കൂട്ടര്‍ യാത്രക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക യൂണിറ്റ് തന്നെ ആരംഭിക്കുകയാണ് ദുബായ് പോലീസ്. സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. അതിനാൽ പേർസണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും,ദുബായ് പൊലിസും തമ്മിലുള്ള സഹകരണത്തിലൂടെ ആരംഭിച്ച ഈ യൂണിറ്റ്, സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത നിയമങ്ങള്‍ പാലിക്കല്‍, സൈക്ലിംഗ് പാതകളിലെ ഗതാഗതം നിയന്ത്രിക്കല്‍, സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള പൊതുജന അവബോധം പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കാകും മേല്‍നോട്ടം നൽകുക.നിലവിലെ ചട്ടങ്ങള്‍ പ്രകാരം നിയമം ലംഘിക്കുന്നവർക്ക് കൃത്യമായ പിഴ ചുമത്തും. പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രധാന സൈക്കിള്‍ പാതകളിലും സോഫ്റ്റ് മൊബിലിറ്റി സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന തെരുവുകളിലും യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ സാധാസമയ നിരീക്ഷണവും ഉറപ്പ് വരുത്തും. യുഎഇ സർക്കാർ സൈക്കിൾ യാത്രയെ ഒരു ആരോഗ്യകരമായ ജീവിതശൈലിയായും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗമായും പ്രോത്സാഹിപ്പിക്കുന്നതിനാൽ രാജ്യത്തുടനീളം മികച്ച സൈക്കിൾ ട്രാക്കുകൾ തന്നെ നിരവധി നിർമ്മിച്ചിട്ടുണ്ട്. അതിനാൽ ദുബായിലെ സൈക്കിള്‍ യാത്രകള്‍ 2023 ല്‍ 44 ദശലക്ഷത്തില്‍ നിന്ന് 2024 ല്‍ 46.6 ദശലക്ഷമായി വർധിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ട് മാത്രം കൈവരിച്ചത് 5% വളര്‍ച്ചയാണ്. അതേസമയം ഇ-സ്‌കൂട്ടര്‍ യാത്രകളും 30 ദശലക്ഷത്തില്‍ നിന്ന് 32.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. 8 ശതമാനമാണ് ഒരു വർഷത്തിൽ ഉണ്ടായ വർദ്ധനവ്. ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതിനാലാണ് പുതിയ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യുഎഇയിൽ ഇ-സ്‌കൂട്ടര്‍, സൈക്കിൾ യാത്രകൾ കൂടുന്നതിന് അനുസരിച്ച് നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)